
ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പൊലീസ്. പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതോടെ ഇരുവർക്കുമെതിരായ രണ്ട് കേസുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.
ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലാത്ത മേഖലയിലേക്ക് അതിക്രമിച്ചുകയറിയെന്നാരോപിച്ചുള്ള മറ്റൊരു കേസും നേരത്തേ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
ഒക്ടോബർ 13ന് സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരടക്കം 14 സിജെപി നേതാക്കൾ പ്രതിഷേധവുമായി ബന്ധപ്പെട്ട് നിയമനടപടി നേരിട്ടിരുന്നു.ഒക്ടോബർ 14ന് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച ഇരുവരുടെയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. നേതാക്കൾക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത ഡൽഹി പൊലീസ്, ഇവരെ വിട്ടയച്ചാൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാനും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്ന് വാദിച്ചു.
അതേസമയം, ത്രിവർണപതാക ഉയർത്തിയതിന്റെ പേരിലാണ് തങ്ങളുടെ നേതാക്കളെ അന്യായമായി തടവിലിട്ടിരിക്കുന്നതെന്ന് സിജെപി ആരോപിച്ചു. സ്വാഭാവിക ജാമ്യം നിഷേധിക്കുകയും വിചാരണ മനഃപൂർവം വൈകിപ്പിക്കുകയും ചെയ്യുകയാണെന്നും കേസുകളുടെ സ്വഭാവം മാറ്റി നേതാക്കളെ കൂടുതൽ കുരുക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും പാർട്ടി ആരോപിച്ചു.
