
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ ഡൽഹി പൊലീസിനൊപ്പം ആർഎസ്എസ് പ്രവർത്തകരും മർദിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധിക്കുന്ന യുവാക്കളെ പൊലീസ് മർദിക്കുമ്പോൾ ആർഎസ്എസ് പ്രവർത്തകർക്ക് സ്വതന്ത്രമായി വിഹരിക്കാൻ അവസരം നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. മർദനത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം.
പൊലീസിലെ 50 ശതമാനം പേരും തങ്ങളുടെ പ്രതിഷേധം ശരിയാണെന്ന് സമ്മതിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. പൊലീസ്, ഐടിബിപി, സിആർപിഎഫ്, പ്രതിപക്ഷ പാർട്ടികൾ എന്നിവർക്കൊപ്പം രാജ്യത്തെ ജനങ്ങളും ഒരു വശത്താണെന്നും മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഏതാനും ഉദ്യോഗസ്ഥർ എന്നിവരാണെന്നും അദ്ദേഹം ആരോപിച്ചു.
ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നത് എന്തിനാണെന്നും യുവാക്കളെ മർദിക്കുന്നത് എന്തിനാണെന്നും പൊലീസുകാർക്കിടയിൽപ്പോലും ചോദ്യങ്ങളുയരുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധവും അതിനെ നേരിടുന്ന പൊലീസ് നടപടികളും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
