
ന്യൂഡൽഹി: കസ്റ്റഡിയിലിരിക്കെ മുത്തശ്ശിയുടെ മരണവിവരം അറിയിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് പുറത്തുവിട്ട വീഡിയോയുടെ പൂർണരൂപം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസിന്റെ ഭാഗം ന്യായീകരിക്കാനാണ് ശ്രമമെന്നും കസ്റ്റഡിയിൽ നേരിട്ട മാനസിക പീഡനവും അവകാശലംഘനങ്ങളും മറച്ചുവയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ വാദങ്ങളിൽ സത്യമുണ്ടെങ്കിൽ മുഴുവൻ വീഡിയോയും പുറത്തുവിടാൻ മടിക്കുന്നതെന്തിനാണെന്നും ദീപ്കെ ചോദിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ദീപ്കെയെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ മുത്തശ്ശി മരിച്ച വിവരം പൊലീസ് അറിയിച്ചെങ്കിലും കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരം നിഷേധിക്കപ്പെട്ടെന്നാണ് ദീപ്കെയുടെ ആരോപണം. കുടുംബാംഗങ്ങളുടെ ഫോൺ നമ്പർ കണ്ടെത്താൻ സ്വന്തം ഫോൺ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് വഴങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റഡിയിലെ പൊലീസ് നടപടികൾക്കെതിരെ ചോദ്യങ്ങൾ ഉയർന്നതോടെയാണ് മുത്തശ്ശിയുടെ മരണവിവരം അറിയിക്കുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടത്. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സഹായം വാഗ്ദാനം ചെയ്തതായി തെളിയിക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നാണ് ദീപ്കെയുടെ വിമർശനം. എന്നാൽ വീഡിയോയുടെ ഒരു ഭാഗം മാത്രം പുറത്തുവിട്ട് കസ്റ്റഡിയിലെ യഥാർഥ സംഭവങ്ങൾ മറച്ചുവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വനിതാ പൊലീസ് ഉദ്യോഗസ്ഥ മുത്തശ്ശിയുടെ മരണവിവരം അറിയിക്കുന്നതും നാട്ടിലേക്ക് പോകാൻ സഹായം വാഗ്ദാനം ചെയ്യുന്നതുമാണ് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. എന്നാൽ സ്വന്തം പിതാവുമായി സംസാരിക്കാൻപോലും അവസരം ലഭിക്കാത്ത സാഹചര്യത്തിൽ ഈ വാഗ്ദാനത്തിന് എന്ത് പ്രസക്തിയാണുള്ളതെന്ന് ദീപ്കെ ചോദിച്ചു. കുടുംബത്തെ വിവരമറിയിക്കാനും അഭിഭാഷകനെ ബന്ധപ്പെടാനും അനുവദിക്കാതിരുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
