
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അടിച്ചമർത്താനാകില്ലെന്നും കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങളും വിലക്കുകളും മറികടന്ന് സമരം ശക്തമായി തുടരുമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി. ലാത്തിയും ബാരിക്കേഡുകളും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിച്ച് ജനകീയ പ്രക്ഷോഭത്തെ തടയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ ജനാധിപത്യശക്തികളുമായും സഹകരിച്ച് സമരം ശക്തിപ്പെടുത്താനാണ് പാർട്ടി കേന്ദ്രകമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് എം.എ. ബേബി ആരോപിച്ചു. ട്രെയിനുകൾ റദ്ദാക്കിയും മെട്രോ സർവീസുകൾ നിർത്തിവെച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും ഡൽഹിയിലെ ജനജീവിതം സ്തംഭിപ്പിച്ചെന്നും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ നിർദേശങ്ങൾ ലംഘിച്ചാണ് ഇത്തരം നടപടികളെന്നും ആരോപിച്ചു.
സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പ്രക്ഷോഭത്തെ തളർത്തില്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാകുമെന്നും എം.എ. ബേബി പറഞ്ഞു. രാജ്യത്തുടനീളം നൂറുകണക്കിന് ജന്തർമന്തറുകൾ ഉയർന്നുവരുന്ന സാഹചര്യമാണ്. വരുംദിവസങ്ങളിലും സമരം കൂടുതൽ ശക്തമാകും. ഗ്യാനേഷ് കുമാറിനും അദ്ദേഹത്തെ സംരക്ഷിക്കുന്ന മോദിക്കും അമിത് ഷായ്ക്കും അധികകാലം തുടരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ എ.കെ.ജി ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ടും പൊലീസിന്റെയും കേന്ദ്രസേനകളുടെയും അതിക്രമങ്ങൾക്കിരയായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളും പങ്കെടുത്തു.
