
ഭുവനേശ്വര്‍: അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശിൽ വ്യാപക നാശനഷ്ടം. മരം വീണും വൈദ്യുതാഘാതമേറ്റും അഞ്ച് സ്ത്രീകളുൾപ്പെടെ എട്ടുപേർ മരിച്ചു. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കാക്കിനട ഉൾപ്പെടെയുള്ള മേഖലകളിൽ മഴ തുടരുകയാണ്.
ഇന്നലെ രാവിലെ 8.30ഓടെ നരസ്പൂരിന് സമീപം മണിക്കൂറിൽ 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. അതിതീവ്ര ചുഴലിക്കാറ്റായി എത്തിയ അർണബ് പിന്നീട് ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
180ലധികം വീടുകൾ തകർന്നു. 93 റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 736 മരങ്ങൾ കടപുഴകിവീഴുകയും ചെയ്തു. നിരവധി വൈദ്യുതത്തൂണുകളും നിലംപതിച്ചു. 80,000 ഹെക്ടറിലധികം കൃഷിനാശമുണ്ടായതായാണ് കണക്ക്. അപകടസാധ്യത പൂർണമായി ഒഴിയുന്നതുവരെ ജനങ്ങൾ വീടിനുള്ളിൽത്തന്നെ തുടരണമെന്ന് അധികൃതർ നിർദേശിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് 57,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 38 വിമാന സർവീസുകളും റദ്ദാക്കി. ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുമായി യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
