തിങ്കളാഴ്ച കേരളത്തിൽ പൊതു അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞുകിടക്കും
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗാഷ്ടമി ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ സെക്രട്ടറി അനിൽ ജോണാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
