
എടവണ്ണ: മന്ത്രവാദത്തിന്റെയും വ്യാജചികിത്സയുടെയും മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. എടവണ്ണ കുണ്ടുതോട് സ്വദേശി ജസൽ ജിലാനി തങ്ങളെ (35) എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വയറുവേദന മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെയും മാതാവിനെയും പ്രതി കുണ്ടുതോടുള്ള വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് വ്യാജചികിത്സയുടെ മറവിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
പിന്നീട് പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായ പ്രതി ആഗസ്തിൽ ഇവരോടൊപ്പം നാടുവിട്ടു. ഇരുവരെയും കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജിതമാക്കി. നിലമ്പൂർ ഡിവൈഎസ്പി കെ. റഫീഖിന്റെയും വണ്ടൂർ സിഐ ഗോപകുമാറിന്റെയും മേൽനോട്ടത്തിൽ നിലമ്പൂർ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.
കാസർകോട്–കർണാടക അതിർത്തിയിലെ ആനക്കല്ല് പ്രദേശത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് പ്രതിയെ പിടികൂടിയത്. എടവണ്ണ എസ്ഐ വാസുദേവൻ ഓട്ടുപാറ, എഎസ്ഐ ജാൻസി, സിവിൽ പൊലീസ് ഓഫീസർ സുബിൻ, സ്ക്വാഡ് അംഗങ്ങളായ പി. സാബിറലി, സി.കെ. സജേഷ്, സജീഷ് നിലമ്പൂർ, എം. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
ഭാര്യയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസ് ഉൾപ്പെടെ പ്രതിക്കെതിരെ എടവണ്ണ പൊലീസ് സ്റ്റേഷനിൽ മറ്റു കേസുകളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.
