
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പർ ബസ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മലയാളികളടക്കം നാലുപേർ മരിച്ചു. ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, മൈസൂരു സ്വദേശി ബസ് ഡ്രൈവർ സുനിൽ, ബസിലെ ക്ലീനർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു.
മൈസൂരുവിന് സമീപം ഹുൻസൂർ–പെരിയപട്ടണ മേഖലയിൽ ഇന്ന് പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം. ‘കാവേരി’ എന്ന സ്ലീപ്പർ ബസ് എതിർദിശയിൽനിന്നെത്തിയ ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബസിന്റെ ഡ്രൈവർ കാബിനിലുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരടക്കമുള്ളവരെ ഹുൻസൂരിലെയും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പെരിയപട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
