
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയും സ്വകാര്യ കമ്പനി ജീവനക്കാരനുമായ മുഹമ്മദ് അസ്ലം (30), ഭാര്യ ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബാദ്ഷാപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ 68-ലുള്ള എം3എം മറീന സൊസൈറ്റിയിലെ വാടക ഫ്ലാറ്റിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ജീവനൊടുക്കുന്നതിന് മുമ്പ് അസ്ലം തന്റെ ഓഫീസിലെ സഹപ്രവർത്തകന് ഇമെയിൽ അയച്ചിരുന്നതായി പൊലീസ് അറിയിച്ചു. പിതാവിന്റെയും വീട്ടുടമയുടെയും ഫോൺ നമ്പറുകൾ ഉൾപ്പെടുത്തിയ ഇമെയിലിൽ മരണവിവരം ഇരുവരെയും അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ദമ്പതികളുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി ബാദ്ഷാപ്പൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻസ്പെക്ടർ മനോജ് കുമാർ പറഞ്ഞു. ഇമെയിൽ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് സംഭവത്തിന്റെ കാരണവും സാഹചര്യങ്ങളും കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
