
കണ്ണൂർ: പയ്യാമ്പലം ബീച്ചും പാർക്കും പരിസരപ്രദേശങ്ങളും നിർബന്ധിത മാലിന്യമുക്ത മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടറുടെ ഉത്തരവ്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയുകയും പ്രദേശത്തിന്റെ ശുചിത്വം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് നടപടി. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം കേസെടുക്കുകയും ചെയ്യും.
പരിസ്ഥിതി സംരക്ഷണ നിയമം, ഖരമാലിന്യ നിയന്ത്രണ ചട്ടങ്ങൾ, മുനിസിപ്പാലിറ്റി നിയമം, ഭക്ഷ്യസുരക്ഷാ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2026 മേയ് 18-ലെ ഉത്തരവും മേയ് അഞ്ചിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായവും നടപടിക്ക് ആധാരമായതായി ഉത്തരവിൽ വ്യക്തമാക്കുന്നു.
ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നതിനും നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനുമായി പയ്യാമ്പലം സോൺ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ഡിടിപിസി, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ, ജില്ലാ ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, കോസ്റ്റൽ പൊലീസ് തുടങ്ങിയവയുടെ പ്രതിനിധികൾ സമിതിയിലുണ്ടാകും. ജില്ലാ കലക്ടർ നാമനിർദേശം ചെയ്യുന്ന ഏജൻസികളുടെ പ്രതിനിധികളും സമിതിയുടെ ഭാഗമാകും.
ബീച്ചിന്റെയും പാർക്കിന്റെയും പരിസരങ്ങളിലെ ശുചിത്വം, മാലിന്യസംസ്കരണം, പുല്ല് ചെത്തൽ, പുൽത്തകിടികളുടെ പരിപാലനം, സൗന്ദര്യവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ സമിതി നേരിട്ട് പരിശോധിക്കും. പരിശോധനയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കി ആഴ്ചതോറും ഡിടിപിസി വഴി ജില്ലാ കലക്ടർക്ക് സമർപ്പിക്കണം.
പയ്യാമ്പലം നിർബന്ധിത മാലിന്യമുക്ത മേഖലയാണെന്ന വിവരം ബോർഡുകളിലൂടെയും അനൗൺസ്മെന്റുകളിലൂടെയും പ്രദേശവാസികളെയും സന്ദർശകരെയും കച്ചവടക്കാരെയും അറിയിക്കും. പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും സന്ദർശകർക്കും മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകും. മുന്നറിയിപ്പുകൾ ജനങ്ങളിലെത്തിച്ചശേഷം നിയമലംഘനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കും.
പാർക്കിലെയും ബീച്ചിലെയും ശുചിത്വം ഉറപ്പാക്കുക, മാലിന്യം കൃത്യമായി ശേഖരിച്ച് സമയബന്ധിതമായി സംസ്കരിക്കുക, സന്ദർശക ഇടങ്ങൾ വൃത്തിയാക്കുക, ശുചിമുറികൾ പരിപാലിക്കുക, ആവശ്യമായ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക തുടങ്ങിയ ചുമതലകൾ ഡിടിപിസിക്കാണ്. ഇതിനായി നോഡൽ ഓഫീസറെയും നിയോഗിക്കണം.
അനുയോജ്യമായ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഒരുക്കുക, പൊതുസ്ഥലങ്ങളിൽ മാലിന്യനിർമാർജനം ഉറപ്പാക്കുക, ഡിടിപിസിയുമായി സഹകരിച്ച് കച്ചവടകേന്ദ്രങ്ങൾക്ക് ഏകീകൃത രൂപം നൽകുക എന്നിവ കോർപ്പറേഷന്റെ ചുമതലകളാണ്. ശുചിത്വ പ്രവർത്തനങ്ങൾക്ക് ജില്ലാ ശുചിത്വ മിഷൻ സാങ്കേതിക നിർദേശങ്ങൾ നൽകും.
പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കാനും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കേസെടുക്കാനും സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലും പൊലീസ് പങ്കാളികളാകും. ഇതിനായി പ്രത്യേക നോഡൽ ഓഫീസറെയും നിയോഗിക്കണം.
ജില്ലാ ഭരണകൂടത്തിന്റെയും കണ്ണൂർ കോർപ്പറേഷന്റെയും നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഒക്ടോബർ രണ്ടിന് പയ്യാമ്പലം ബീച്ചിൽ മെഗാ ശുചീകരണ യജ്ഞം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കലക്ടർ എസ്. സ്വാതി, എഡിഎം കെ. ബാലഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.
