
സനാ: സൗദിയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതികളുടെ തുടർച്ചയായ ആക്രമണം. റിയാദിലും അബ്ഹയിലുമുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദിൽ ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ അബ്ഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ യെമനിലെ ഏഡൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികൾ മിസൈൽ ആക്രമണം നടത്തി. വിമാനത്താവള റൺവേയ്ക്ക് സമീപമാണ് മിസൈൽ പതിച്ചതെന്ന് യെമൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആളപായമുണ്ടായില്ല. കെയ്റോയിൽനിന്ന് ഏഡനിലേക്ക് പുറപ്പെട്ട വിമാനം ആക്രമണത്തെ തുടർന്ന് ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു.
വിമാനം ലാൻഡ് ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു റൺവേയ്ക്ക് സമീപം മിസൈൽ പതിച്ചത്. കൂടുതൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് റൺവേയിലുണ്ടായിരുന്ന രണ്ട് വിമാനങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണമെന്നാണ് യെമൻ ഗതാഗത മന്ത്രാലയത്തിന്റെ ആരോപണം.
യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കുള്ള പ്രധാന അന്താരാഷ്ട്ര കവാടമാണ് ഏഡൻ വിമാനത്താവളം. വടക്കൻ യെമനിലെ വലിയ പ്രദേശങ്ങൾ നിയന്ത്രിക്കുന്ന ഹൂതികൾക്കെതിരെ സൗദി പിന്തുണയുള്ള സർക്കാർ സേന തിരിച്ചാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം.
അതേസമയം, റിയാദിന് സമീപം ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സൗദി സേന തകർത്തതായി അറിയിച്ചു. തെക്കുപടിഞ്ഞാറൻ സൗദിയിലെ ഖമീസ് മുശൈത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണവും പ്രതിരോധിച്ചതായി സൗദി അധികൃതർ വ്യക്തമാക്കി.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടു.
