
വാഷിങ്ടൺ: യുഎസിൽ പഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർഥികൾക്ക് തൊഴിൽപരിശീലനത്തിനുള്ള അവസരം നൽകുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) പദ്ധതിയിൽ വൻ ഫീസ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. F-1 വിസയിലുള്ള വിദ്യാർഥികൾക്ക് ആദ്യമായി OPT ശുപാർശ ചെയ്യുന്നതിന് സർവകലാശാലകൾ 70,000 ഡോളർ ഫീസ് അടയ്ക്കണമെന്നാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) മുന്നോട്ടുവച്ച നിർദേശം. തുടർന്നുള്ള OPT ശുപാർശകൾക്ക് 30,000 ഡോളർ വീതവും ഈടാക്കും.നിലവിലെ OPT നടപടികളുമായി താരതമ്യം ചെയ്യുമ്പോൾ നിർദേശിച്ച തുക വൻ വർധനയാണ്.
നിലവിൽ വിദ്യാർഥികൾക്ക് OPT അപേക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഫീസ് ഏകദേശം 500 ഡോളറിനടുത്താണ്. പുതിയ നിർദേശം നടപ്പായാൽ സർവകലാശാലകൾക്ക് വരുന്ന വൻ സാമ്പത്തിക ബാധ്യതയുടെ ഒരു ഭാഗം വിദ്യാർഥികളിലേക്കോ തൊഴിലുടമകളിലേക്കോ കൈമാറാനുള്ള സാധ്യതയുമുണ്ട്.
ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രത്യേക തിരിച്ചടി ലഭിക്കാനിടയുള്ള നടപടിയാണിത്. F-1 വിസയിൽ യുഎസ് സർവകലാശാലകളിലെത്തുന്ന നിരവധി ഇന്ത്യൻ വിദ്യാർഥികൾ പഠനശേഷം OPT വഴി തൊഴിൽപരിചയം നേടുന്നുണ്ട്. പ്രത്യേകിച്ച് സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) മേഖലകളിൽ പഠിക്കുന്നവർക്ക് OPT കാലാവധി അധികമായി ലഭിക്കുന്നതിനാൽ നിർദേശം ബാധകമായാൽ ചെലവ് ഗണ്യമായി ഉയരും.
കുടിയേറ്റ സംവിധാനത്തിലെ തട്ടിപ്പുകളും ദുരുപയോഗവും തടയുക, സംവിധാനത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുക, യുഎസ് തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ഫീസ് നിർദേശത്തിന് DHS മുന്നോട്ടുവയ്ക്കുന്ന കാരണങ്ങൾ. OPT വഴി വിദേശ വിദ്യാർഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട മേഖലയിൽ പഠനകാലത്തോ പഠനം പൂർത്തിയാക്കിയ ശേഷമോ തൊഴിൽപരിശീലനം നേടാനാകും.
നിർദേശം നിലവിൽ പ്രാബല്യത്തിൽ വന്നിട്ടില്ല. ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതിന് ശേഷം പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കും. തുടർന്ന് നിർദേശം അന്തിമമാക്കിയാൽ മാത്രമേ പുതിയ ഫീസ് പ്രാബല്യത്തിൽ വരൂ.
OPT പദ്ധതിയിലെ മാറ്റം അന്താരാഷ്ട്ര വിദ്യാർഥികളുടെ യുഎസ് പഠന-തൊഴിൽ പദ്ധതികളെയും വിദേശ വിദ്യാർഥികളെ ആശ്രയിക്കുന്ന സർവകലാശാലകളെയും സാങ്കേതിക മേഖലയിലെ തൊഴിൽ വിപണിയെയും ബാധിച്ചേക്കാമെന്നാണ് വിദ്യാഭ്യാസ-ഇമിഗ്രേഷൻ രംഗത്തെ വിലയിരുത്തൽ.
