
കൊല്ലം: പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിലെ വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചെന്ന പരാതിയിൽ അഞ്ചാം സെമസ്റ്റർ വിദ്യാർഥിക്കെതിരെ പൊലീസ് കേസ്. സംഭവത്തിൽ അച്യുത് എസ്സിനെ കോളേജിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
സഹപാഠികളായ വിദ്യാർഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിനിടെ വിദ്യാർഥി പ്രിൻസിപ്പലിന് മുന്നിൽ കുറ്റം സമ്മതിച്ചതായാണ് വിവരം. തുടർന്ന് കോളേജ് മാനേജ്‌മെന്റും സംഭവത്തിൽ ഇരയായ ഒരു വിദ്യാർഥിനിയും പുനലൂർ പൊലീസിൽ പരാതി നൽകി.
പരാതിയിൽ പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രധാനമായും ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥിയുടെ ഡിജിറ്റൽ ഉപകരണങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തും.
കേസിന്റെ ഭാഗമായി ചിത്രങ്ങൾ എവിടെനിന്നാണ് ശേഖരിച്ചതെന്നും ആരൊക്കെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥിക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. പൊലീസ് അന്വേഷണത്തിനൊപ്പം കോളേജ് തലത്തിലും തുടർനടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
