
തിരുവനന്തപുരം: ‘മാസപ്പടി’ കേസുമായി ബന്ധപ്പെട്ട ഡയറിയിലെ തന്റെ പേരിനെക്കുറിച്ച് അറിയില്ലെന്ന് മുൻ മന്ത്രി ജി. സുധാകരൻ എംഎൽഎ. കേസിന്റെ പ്രാധാന്യം കുറയ്ക്കാൻ അനാവശ്യ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയതാകാമെന്നും അദ്ദേഹം പറഞ്ഞു.
പി.സി. ജോർജിന് തന്നോട് മോശം അഭിപ്രായമില്ലെന്നും എന്നാൽ ഷോൺ ജോർജിന്റെ പ്രതികരണം അതിരുകടന്നതാണെന്നും സുധാകരൻ പറഞ്ഞു. മാനനഷ്ടക്കേസ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും പട്ടിക പുറത്തുവിട്ടയാൾക്ക് മാനമുണ്ടെങ്കിൽ മാത്രമേ കേസിന്റെ ആവശ്യമുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.
കരിമണൽ ഖനനത്തിന് അനുമതി തേടി കർത്ത തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ ഖനനത്തിന് സമ്മതിക്കില്ലെന്ന് വ്യക്തമാക്കിയതായും സുധാകരൻ പറഞ്ഞു. പാർട്ടിക്ക് ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അത് നിരസിച്ചു. പിന്നീട് കർത്ത തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വിമാനയാത്രയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അതല്ല കേരളത്തിലെ പ്രധാന വിഷയമെന്നും ജി. സുധാകരൻ പറഞ്ഞു.
