
തിരുവനന്തപുരം: കേരളത്തിൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ജനങ്ങൾ ദുരിതത്തിൽ. പവർകട്ട് ഒഴിവാക്കാൻ ഉയർന്ന വില നൽകി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ ശ്രമം തുടങ്ങി. മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളുമായി ചർച്ച നടത്തി വൈദ്യുതി എത്തിക്കാനാണ് തീരുമാനം. ഇതിനായി ബോർഡ് ഡയറക്ടർമാരെ അവിടേക്ക് അയക്കും.
വൈകുന്നേരങ്ങളിലെ തിരക്ക് കൂടിയ സമയത്ത് കൂടുതൽ വൈദ്യുതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് ഉയർന്ന വില നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. നിലവിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് അനുമതിയുള്ളതെങ്കിലും, പ്രതിസന്ധി രൂക്ഷമായതോടെ ഉയർന്ന തുക നൽകേണ്ടി വരുന്നുണ്ട്. ഇത് ഭാവിയിൽ വൈദ്യുതി ബില്ലിൽ അധികചാർജ് വരാൻ കാരണമായേക്കാം.
പ്രതിസന്ധി മുൻകൂട്ടി കണ്ട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും സർക്കാർ സമയത്ത് ഇടപെടാത്തതാണ് ഇപ്പോഴത്തെ ഗുരുതര അവസ്ഥയ്ക്ക് കാരണമെന്ന് വിമർശനമുയരുന്നുണ്ട്. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരം പ്രതിസന്ധികൾ വന്നപ്പോൾ മറ്റ് സംസ്ഥാനങ്ങളുമായി മുൻകൂട്ടി കരാറുണ്ടാക്കി ലോഡ്‌ഷെഡിങ് ഒഴിവാക്കിയിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
