ആലപ്പുഴ: അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)യുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച് ജാമിഅ ഹാശിമിയ്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹാശിമിയ്യ മീലാദ് കോൺഫറൻസും ഉസ്താദ് പി.കെ. ബാദ്ഷ സഖാഫിയുടെ 27-ാമത് വാർഷിക മദ്ഹുറസൂൽ പ്രഭാഷണത്തിനും പ്രൗഢഗംഭീര സമാപനം. ആലപ്പുഴ വലിയമരം ഇർഷാദ് മഹൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ സയ്യിദുമാരും പണ്ഡിതരും മഹൽ ഇമാമുമാരും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
ഉച്ചയ്ക്ക് തമിഴ്നാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് സയ്യിദ് മുഹമ്മദ് ഷറഫലി ജമലുല്ലൈലി തങ്ങളുടെയും ഹാഫിള് എ. നവാബ് സഖാഫിയുടെയും നേതൃത്വത്തിൽ മൗലിദ് സദസ്സ് നടന്നു.
വൈകിട്ട് ഹാഫിള് സാദിഖ് അലി അൽ ഫാളിലി ഗുഡല്ലൂരിന്റെ നേതൃത്വത്തിൽ നടന്ന ബുർദ മജ്‌ലിസും ശ്രദ്ധേയമായി. തുടർന്ന് നടന്ന മീലാദ് കോൺഫറൻസിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉസ്താദ് പി.കെ. ബാദ്ഷ സഖാഫി മുഖ്യ മദ്ഹുറസൂൽ പ്രഭാഷണം നടത്തി. പ്രവാചക സ്നേഹവും ജീവിത മാതൃകയും സമൂഹത്തിൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രഭാഷണത്തിൽ വിശദീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും ജാമിഅ മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
സയ്യിദ് ഹസ്സൻ കുഞ്ഞിക്കോയ തങ്ങൾ, സി പി മുഹമ്മദ് മുസ്ലിയാർ ചെങ്ങര, എ. അബ്ദുറഹീം സഖാഫി, എച്ച്. അഹമ്മദ് സഖാഫി, ഇ. തമീം സഖാഫി, കമാൽ എം. മാക്കിയിൽ, എസ് സുബൈർ ഹാശിമി, ജഹ്ഫർ കുഞ്ഞാശാൻ, പി.എസ്.എം. ഹാഷിം കാമിൽ സഖാഫി, എ.കെ.എം. ഹാഷിർ സഖാഫി, അനസ് തുടങ്ങിയവർ സംബന്ധിച്ചു.
മീലാദ് കോൺഫറൻസിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിട സൗകര്യവും വിശാലമായ പാർക്കിംഗ് സംവിധാനവും അന്നദാനവും സംഘാടകർ ഒരുക്കിയിരുന്നു. ജാമിഅ ഹാശിമിയ്യയുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗത സംഘത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഹാശിമിയ്യ മീലാദ് കോൺഫറൻസിന് സമാപനം കുറിച്ചപ്പോൾ, പ്രവാചക സ്നേഹവും മദ്ഹുറസൂൽ സന്ദേശവും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രതിജ്ഞയോടെയാണ് സദസ്സ് പിരിഞ്ഞത്.
