Headlines

വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന് ആരോപണം; പ്രിൻസിപ്പലിനെ തടഞ്ഞ് നാട്ടുകാർ

കൽപ്പറ്റ: വിദ്യാർഥികളുമായി വിനോദയാത്ര പോയ മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണത്തെത്തുടർന്ന് പ്രതിഷേധം. യാത്ര കഴിഞ്ഞ് സ്‌കൂളിലെത്തിയ പ്രിൻസിപ്പൽ ഷിബി കൃഷ്ണനെ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് തടഞ്ഞു. വൈദ്യപരിശോധന നടത്തി മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമേ സ്‌കൂളിൽ പ്രവേശിപ്പിക്കാവൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പ്രിൻസിപ്പലിനെ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പിന്നാലെ ഷിബി കൃഷ്ണനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച രാത്രി വിനോദയാത്രയ്ക്കുപോയ ബസിൽനിന്ന് പകർത്തിയ വീഡിയോയാണ് പ്രതിഷേധത്തിന് കാരണമായത്. വിദ്യാർഥികളാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. എന്നാൽ, താൻ മദ്യപിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. പിടിഎ പ്രസിഡന്റ് എസ്. ഹാജിസിൽനിന്ന് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതായി വിദ്യാർഥികൾ പരാതിപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Leave a Reply