
കൊല്ലം: സർക്കാർ ആരോഗ്യകേന്ദ്രത്തിൽനിന്ന് വിതരണം ചെയ്ത കാലാവധി കഴിഞ്ഞ ഗുളിക കഴിച്ചതിനെത്തുടർന്ന് മൂന്നുമാസം ഗർഭിണിയായ യുവതിക്ക് ഛർദിയും വയർവേദനയും വയർവീക്കവും. കൊല്ലം പാലത്തറ സർക്കാർ ആശുപത്രിയുടെ ഭാഗമായ പള്ളിമുക്ക് ആരോഗ്യകേന്ദ്രത്തിൽനിന്ന് ലഭിച്ച ഗുളിക കഴിച്ച അയത്തിൽ ഗാന്ധിനഗർ 225-ൽ ആഷിന മൻസിലിൽ ബീമ ഹാരീഷിനാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
കഴിഞ്ഞ ജൂലൈയിൽ കാലാവധി അവസാനിച്ച ഗുളിക ഒക്ടോബർ മൂന്നിനാണ് ആശാ പ്രവർത്തക ബീമയുടെ മാടൻനടയിലെ വീട്ടിലെത്തിച്ചത്. ഗുളിക തുടർച്ചയായി കഴിച്ചതോടെ ആരോഗ്യനില മോശമായി. തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ പരിശോധനകൾ നടത്തിയിട്ടും രോഗകാരണം കണ്ടെത്താനായില്ല. പിന്നീട് കഴിച്ചുകൊണ്ടിരുന്ന ഗുളിക പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് വ്യക്തമായത്. ഗുളിക കഴിക്കുന്നത് നിർത്തിയതോടെ ആരോഗ്യപ്രശ്നങ്ങളും മാറി.
സംഭവത്തിൽ ബീമ മേയർക്ക് പരാതി നൽകിയെങ്കിലും അന്വേഷണം നടന്നില്ലെന്നാണ് ആരോപണം. ഇതിനിടെ, കാലാവധി കഴിഞ്ഞ ഗുളിക കഴിച്ചതുകൊണ്ട് പ്രശ്നമുണ്ടാകില്ലെന്ന് ബോധ്യപ്പെടുത്താൻ സർക്കാർ ആശുപത്രിയിലെ ജീവനക്കാർ ശ്രമിച്ചതായും ബീമ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ആശാ പ്രവർത്തകയുടെ മേൽ ചുമത്താനാണ് ആശുപത്രി അധികൃതർ പിന്നീട് ശ്രമിച്ചതെന്നും അവർ ആരോപിച്ചു.
സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് ബീമ വ്യക്തമാക്കി. വ്യാഴാഴ്ച ജില്ലാ മെഡിക്കൽ ഓഫീസറെ (ഡിഎംഒ) നേരിൽക്കണ്ട് പരാതി നൽകുമെന്നും അറിയിച്ചു.
