Headlines

ഡിവൈഡർ മറികടന്ന് ടയർ കടയിലേക്ക് പെട്രോൾ ടാങ്കർ; വൻ ദുരന്തം ഒഴിവായി

കണ്ണൂർ: താണെയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ടയർ കടയിലേക്ക് ഇടിച്ചുകയറി. കടയുടെ ഷട്ടർ തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയ ലോറി വൻ നാശനഷ്ടമുണ്ടാക്കി. പുലർച്ചെയുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. മാഹിയിലെ പമ്പിലേക്ക് ഇന്ധനവുമായി പോയ ടാങ്കർ ലോറി ഇന്ധനം നിറച്ചശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലെ ഡിവൈഡർ മറികടന്ന ലോറി എതിർവശത്തുള്ള ടയർ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കടയുടെ ഷട്ടർ പൂർണമായും തകർന്നു. കടയ്ക്കുള്ളിലും വ്യാപകമായ നാശനഷ്ടമുണ്ടായി. കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു. ലോറിയുടെ ക്യാബിനും തകർന്ന നിലയിലാണ്. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ലോറിയിലുണ്ടായിരുന്നത്.

അപകടസ്ഥലത്തിന് സമീപം മറ്റു കടകളും പെട്രോൾ പമ്പുകളും ഉണ്ടായിരുന്നതിനാൽ വലിയ ദുരന്തത്തിനുള്ള സാധ്യതയുണ്ടായിരുന്നു. പുലർച്ചെയായതിനാൽ പ്രദേശത്ത് ആളുകൾ കുറവായിരുന്നതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. വിവരമറിഞ്ഞ് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading