
എഡ്മണ്ടൻ: കാനഡയിലെ അൽബർട്ടയിൽ സൈനിക പരിശീലനത്തിനിടെ കാട്ടുതീ പടർന്നുണ്ടായ ദുരന്തത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. 39 പേർക്ക് പരിക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ സൈനികർ ചികിത്സയിലാണ്. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വിശേഷിപ്പിച്ചു.
എഡ്മണ്ടൻ ആസ്ഥാനമായുള്ള പ്രിൻസസ് പാട്രിഷ്യയുടെ കനേഡിയൻ ലൈറ്റ് ഇൻഫെൻട്രിയുടെ മൂന്നാം ബറ്റാലിയനിലെ ചാർലി കമ്പനി അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഗ്രനേഡ് പരിശീലന മേഖലയിലും ശത്രുതാവളങ്ങൾ ആക്രമിക്കുന്നതിനുള്ള പരിശീലനത്തിനായി സജ്ജീകരിച്ച മറ്റൊരു പ്രദേശത്തുമായി 84 ഓളം സൈനികർ വിന്യസിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് കാട്ടുതീ പടർന്നത്.
തീ നിയന്ത്രണവിധേയമായെന്ന് കരുതി പരിശീലനം പുനരാരംഭിച്ചെങ്കിലും കാറ്റിന്റെ ദിശ പെട്ടെന്ന് മാറിയതോടെ തീ സൈനികർ നിലയുറപ്പിച്ചിരുന്ന ഭാഗത്തേക്ക് അതിവേഗം പടരുകയായിരുന്നു. തീ ഒരു കിലോമീറ്റർ അകലെയായിരിക്കെയാണ് കാറ്റിന്റെ ഗതി മാറിയതെന്ന് മേജർ ജനറൽ വെയ്ഡ് റട്ട്‌ലാൻഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 36 സെക്കൻഡിനുള്ളിൽ തീ ഒരു കിലോമീറ്റർ ദൂരം പിന്നിട്ടത് അസാധാരണമായ സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സൈനിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിശീലനത്തിനിടെയുണ്ടായ അപ്രതീക്ഷിത തീപ്പിടിത്തം അൽബർട്ടയിൽ നടക്കാനിരുന്ന സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഹിതപരിശോധനയുടെ വോട്ടെടുപ്പിനെയും ബാധിച്ചു. വെയ്ൻറൈറ്റിലെ മുൻകൂർ വോട്ടെടുപ്പ് കേന്ദ്രം ശനിയാഴ്ച നേരത്തേ അടച്ചുപൂട്ടി. വോട്ടെടുപ്പ് സാമഗ്രികൾ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു.
