
തിരുവനന്തപുരം: കോവളത്തെ സ്പാകളിൽ ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16കാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് വിവിധ സ്പാകളിലെത്തിച്ച് ചൂഷണത്തിന് വിട്ടുനൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പീഡനത്തിന് വഴങ്ങാതിരുന്നപ്പോൾ മർദിച്ചെന്നും രക്ഷപ്പെടുന്നത് തടയാൻ മാതൃസഹോദരി മുറിക്കു പുറത്ത് കാവൽ നിന്നെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സ്പാ നടത്തിപ്പുകാരടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ മാതൃസഹോദരിയെയും ഭർത്താവിനെയും ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയിലെ പാലസമുദ്രയിൽനിന്നാണ് കേരള പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയായ യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരുവരും പെൺകുട്ടിയെ വിവിധ സ്പാകളിലെത്തിച്ചിരുന്നതെന്നാണ് കണ്ടെത്തൽ.
തുടർച്ചയായ ചൂഷണത്തിനിടെ പെൺകുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതായും ശരീരത്തിൽ മർദനത്തിന്റെ പാടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. പുറത്തുപോകാൻ അനുവദിക്കാതെ നിരീക്ഷണത്തിൽ നിർത്തിയാണ് സംഘം ചൂഷണം തുടർന്നതെന്നാണ് വിവരം.
കോവളത്തെ സ്പാ നടത്തിപ്പുകാരായ സജിത്ത് കുമാർ (47), നിശാന്ത് (46) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും പെൺകുട്ടിയെ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനായി അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
