
തിരുവനന്തപുരം: വൈദ്യുതി നിരക്കിലും സർചാർജിലും വർധനയ്ക്ക് വഴിയൊരുക്കുന്ന പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ. അടുത്ത അഞ്ച് വർഷത്തേക്കുള്ള നയം അടുത്ത ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്നതോടെ വൈദ്യുതി ഉപഭോക്താക്കളുടെ സാമ്പത്തിക ബാധ്യത വർധിക്കുമെന്ന ആശങ്ക ശക്തമാകുന്നു.
ഇന്ധന സർചാർജ് ഉൾപ്പെടെയുള്ള അധിക ബാധ്യതകൾ വൈദ്യുതി ബില്ലിൽ പ്രതിഫലിക്കുന്നതോടെ സാധാരണക്കാരുടെ കുടുംബബജറ്റിന് തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിനകം വിലക്കയറ്റവും നികുതിഭാരവും മൂലം പ്രയാസപ്പെടുന്ന ഉപഭോക്താക്കൾക്ക് പുതിയ താരിഫ് നയം കൂടുതൽ സമ്മർദമുണ്ടാക്കും.
പീക്ക് സമയം വൈകിട്ട് ആറു മുതൽ രാത്രി 11.30 വരെ
വൈദ്യുതി ഉപയോഗത്തിലെ പീക്ക് സമയത്തിലും മാറ്റം വരുത്താനാണ് തീരുമാനം. ഇനി വൈകിട്ട് ആറു മുതൽ രാത്രി 11.30 വരെയായിരിക്കും പീക്ക് സമയം. ഈ സമയത്തെ വൈദ്യുതി ഉപയോഗത്തിന് ബാധകമായ നിരക്കുകൾ ഉപഭോക്താക്കളുടെ ബില്ലിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ജോലി കഴിഞ്ഞ് വീടുകളിലെത്തുന്ന സമയത്തുതന്നെ പീക്ക് സമയം വരുന്നത് കുടുംബങ്ങളുടെ ദൈനംദിന വൈദ്യുതി ഉപയോഗച്ചെലവ് വർധിപ്പിക്കുമെന്ന ആശങ്കയ്ക്കും ഇടയാക്കുന്നു.
വൈദ്യുതി മുടക്കവും വർധിച്ച ചെലവും നേരിടുന്ന ഉപഭോക്താക്കൾക്ക് പുതിയ നയം ഇരട്ടപ്രഹരമാകുമെന്നാണ് വിമർശനം. എന്നാൽ നിരക്കിലും സർചാർജിലും എത്രത്തോളം വർധനയുണ്ടാകുമെന്നതടക്കമുള്ള വിശദാംശങ്ങൾ വ്യക്തമാകുന്നതോടെ മാത്രമേ ഉപഭോക്താക്കൾക്കുണ്ടാകുന്ന അധികബാധ്യതയുടെ വ്യാപ്തി കൃത്യമായി വിലയിരുത്താനാകൂ.
