Headlines

രണ്ടുവയസ്സുകാരന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ആലപ്പുഴ: ഹരിപ്പാട്ട് പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം ടി.സി. ജലജ മോൾ ആണ് കേസെടുത്തത്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്. സൂപ്പർവൈസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടി.

കാർത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിലെ തൈമൂട്ടിൽ കോളനിയിൽ രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുൽ (2) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഉറക്കമുണരാതിരുന്നതിനെത്തുടർന്ന് പിതാവ് കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഭക്ഷണത്തിന്റെ അപര്യാപ്തതയാണ് മരണകാരണമെന്നാണ് സൂചന. രക്തക്കുറവിനെത്തുടർന്ന് ആന്തരികാവയവങ്ങൾ ശുഷ്കിച്ച നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുട്ടികൾക്ക് മതിയായ സംരക്ഷണവും പരിചരണവും ലഭിച്ചിരുന്നില്ലെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുടുംബത്തിലെ നാല് പെൺകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. ഏഴാമത്തെ പ്രസവത്തെത്തുടർന്ന് അമ്മ താരയും നവജാതശിശുവും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രസവത്തിനായി താരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത്, 11 വയസ്സിൽ താഴെയുള്ള അഞ്ച് കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ആശുപത്രിയിൽ തുടരാൻ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും രാജേഷ് മടങ്ങിയെന്നാണ് വിവരം. കുടുംബത്തിന്റെ സാഹചര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ കുട്ടികളുടെ സുരക്ഷയും പരിചരണവും സംബന്ധിച്ച ആശങ്കകളും ശക്തമായി.

കഴിഞ്ഞ ഓഗസ്റ്റിൽ മഴയത്ത് കുട്ടികൾ കഴിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അമ്മയെയും കുട്ടികളെയും ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ നിർബന്ധംപിടിച്ച് മടങ്ങിയതായാണ് വിവരം. തുടർന്ന് കാർത്തികപ്പള്ളിയിലെ വാടകവീട്ടിലായിരുന്നു താമസം. നേരത്തെയും കുടുംബത്തിലെ ഒരു ആൺകുട്ടി പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു.

തൃക്കുന്നപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം രാഹുലിന്റെ മൃതദേഹം ഹരിപ്പാട് വെട്ടുവേനിയിലെ പിതാവിന്റെ സഹോദരന്റെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ കമ്മീഷന്റെ തുടർനടപടികളിലൂടെ വ്യക്തമാകേണ്ടതുണ്ട്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading