
തിരുവനന്തപുരം: അപേക്ഷ ക്ഷണിക്കാതെയും അഭിമുഖം നടത്താതെയും റാങ്ക് പട്ടിക തയ്യാറാക്കാതെയും കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിന്റെ ഭാര്യ ഷാനിക്ക് വിദ്യാഭ്യാസവകുപ്പിന് കീഴിലെ സീമാറ്റിൽ നിയമനം നൽകിയതായി ആരോപണം. താൽക്കാലിക ഒഴിവിലേക്കാണ് റിസർച്ച് ഓഫീസറായി ഷാനിയെ നിയമിച്ചത്.
ബയോഡേറ്റ മാത്രം പരിഗണിച്ചാണ് നിയമനം നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണ നിയമന നടപടികളുടെ ഭാഗമായി അപേക്ഷ ക്ഷണിക്കുകയോ അഭിമുഖം നടത്തുകയോ റാങ്ക് പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം. കരാർ അടിസ്ഥാനത്തിലുള്ള തസ്തികയിൽ പ്രതിമാസം 40,000 രൂപയാണ് ശമ്പളം.മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് നിയമനം നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതേസമയം, നിയമനവുമായി ബന്ധപ്പെട്ട് സീമാറ്റ് അധികൃതർ നൽകുന്ന വിശദീകരണവും വിവാദമായിരിക്കുകയാണ്.
ഒഴിവ് വന്ന സമയത്ത് ഷാനിയുടെ ബയോഡേറ്റ ലഭിച്ചിരുന്നുവെന്നും തുടർന്ന് നിയമനം നൽകുകയായിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, അപേക്ഷ ക്ഷണിക്കാതെയും മറ്റ് തിരഞ്ഞെടുപ്പ് നടപടികളില്ലാതെയും ഒരാളെ മാത്രം പരിഗണിച്ച് നിയമനം നൽകിയതിലെ നടപടിക്രമം ചോദ്യങ്ങളുയർത്തുകയാണ്.
