
ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മിഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയെയും നിവേദിതയ്ക്കൊപ്പം കമ്മിഷൻ അംഗമായി നിയമിച്ചിട്ടുണ്ട്.
ഗുരുവായൂർ സ്വദേശിയായ നിവേദിത നിലവിൽ ബിജെപിയുടെ തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. 2016-ൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് ബിജെപിയുടെ ഔദ്യോഗിക രാഷ്ട്രീയ രംഗത്ത് സജീവമായത്. തുടർന്ന് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും നാമനിർദേശ പത്രിക തള്ളിപ്പോയിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നാണ് മത്സരിച്ചത്.
കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയത്തിന്റെ സെപ്റ്റംബർ 24-ലെ വിജ്ഞാപനപ്രകാരമാണ് നിവേദിത സുബ്രഹ്മണ്യത്തെയും അർച്ചന മിശ്രയെയും ദേശീയ വനിതാ കമ്മിഷൻ അംഗങ്ങളായി നിയമിച്ചത്. വിജ്ഞാപനപ്രകാരം ചുമതലയേറ്റ തീയതി മുതൽ മൂന്ന് വർഷമാണ് കാലാവധി.
