
പനജി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പുറത്തുവരുന്നതിനിടെ ഗോവയിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്‌ഐആർ) നടപടിയിൽ ക്രമക്കേട് നടന്നതായി പരാതി. വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയവരിൽ 97 പേർ അർഹതയുണ്ടായിരുന്നിട്ടും പട്ടികയിൽനിന്ന് പുറത്തായെന്നാണ് ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഗോവയിലെ തെരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എട്ടോളം കത്തുകൾ അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നാണ് വിവരം. ഫെബ്രുവരിയിൽ അയച്ച അവസാന കത്തിൽ അർഹതയുണ്ടായിട്ടും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 97 പേരുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയിരുന്നു.
അർഹരായ വോട്ടർമാരെ ഒഴിവാക്കിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വോട്ടർപട്ടിക പുനഃപരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണങ്ങളും ഇതിനെതിരായ നിയമപോരാട്ടങ്ങളും തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ഭിന്നത സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.
അധികാരപരിധി മറികടന്നുള്ള ഇടപെടലുകൾ നടന്നെന്ന ആരോപണങ്ങളാണ് കമ്മീഷനിലെ വിയോജിപ്പിലൂടെ പുറത്തുവന്നതെന്നാണ് റിപ്പോർട്ടുകൾ. ഐടി വിഭാഗത്തെ ഉപയോഗപ്പെടുത്തി ഉന്നതതലത്തിലുള്ള താൽപര്യങ്ങൾ നടപ്പാക്കിയെന്ന ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്.
