
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. രാജിയാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. മുൻ ബിജെപി കേന്ദ്രമന്ത്രി ആർ.കെ. സിങ് ഉൾപ്പെടെയുള്ളവർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ (SIR) നടപടികളുമായി ബന്ധപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രധാനമായും ആരോപണങ്ങൾ ഉയരുന്നത്. തിങ്കളാഴ്ച ഇടതുപക്ഷ പാർട്ടികളടക്കമുള്ള സംഘടനകൾ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്താനും കൂടുതൽ സംയുക്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ, ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഹർജി എത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടായ അധികാരപരിധിയിലുള്ള വിഷയങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്ന വാദവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. വിഷയത്തിൽ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണന നടത്തും.
ഭഗത് സിങ്ങിന്റെ ജന്മദിനത്തോടനുബന്ധിച്ച് വോട്ടവകാശം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐ എം സംഘടിപ്പിച്ച പരിപാടിയിലും പ്രതിഷേധ പ്രകടനത്തിലും ഡൽഹിയിൽ പൊലീസ് വിന്യാസം ശക്തമാക്കിയിരുന്നു. നടപടിക്കെതിരെ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളും രംഗത്തെത്തി.
ഗ്യാനേഷ് കുമാറിന് ഒരു നിമിഷം പോലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരാനുള്ള ധാർമിക അവകാശമില്ലെന്ന വിമർശനവുമായി സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബിയും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കുകയാണ്.
