
മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്താനിരുന്ന പ്രതിഷേധറാലിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു. ഒക്ടോബർ രണ്ടിന് ശിവാജി പാർക്കിൽ നടത്താനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്.
ശിവാജി പാർക്കിൽ പ്രതിഷേധത്തിന് അനുമതി നൽകാനുള്ള അധികാരം തങ്ങൾക്കില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പൊതുയോഗത്തിന് അനുമതി തേടിയ സിജെപി നേതാവ് അജിങ്ക്യ ഷിൻഡെയോട് മുംബൈ നഗരത്തിലെ മറ്റൊരു വേദി കണ്ടെത്തി അനുമതി തേടാനും പൊലീസ് നിർദേശിച്ചു.
പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ ‘ജയിൽ ഭരോ’ സമരം നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു. ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ രാജ്യവ്യാപകമായി സമരം ആരംഭിക്കുമെന്ന് സിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം ശക്തമാക്കിയത്.
