
ന്യൂഡൽഹി: ₹2,000ന് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനുള്ള കേന്ദ്ര നീക്കത്തിൽ ഇടക്കാല സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി. ഫീസ് ഈടാക്കുന്നതിനുള്ള നിയമപരവും ഭരണപരവുമായ അടിസ്ഥാനമെന്തെന്ന് കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും (ആർബിഐ), നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും (എൻപിസിഐ) കോടതി വിശദീകരണം തേടി.
നാല് ആഴ്ചയ്ക്കകം മറുപടി സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. ₹2,000ന് മുകളിലുള്ള ഇടപാടുകളിൽ തുക ഈടാക്കുന്നതിന്റെ നിയമപരമായ അടിസ്ഥാനം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എംഡിആർ നികുതിയോ ഫീസോ അല്ലെന്ന കേന്ദ്രത്തിന്റെ വാദത്തിനിടെ, വ്യാപാരിക്ക് ലഭിക്കേണ്ട തുകയിൽനിന്ന് തുക ഈടാക്കുന്നതിനുള്ള നിയമപരവും ഭരണപരവുമായ അധികാരം എന്താണെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ചോദിച്ചു. ഏത് സേവനത്തിനാണ് ഈ തുക ഈടാക്കുന്നതെന്നും കോടതി വിശദീകരണം തേടി.
പുതിയ സംവിധാനത്തിൽ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള യുപിഐ ഇടപാടുകൾ തുക പരിഗണിക്കാതെ സൗജന്യമായി തുടരും. വ്യാപാരികൾക്കുള്ള ₹2,000 വരെയുള്ള യുപിഐ പേയ്‌മെന്റുകൾക്കും ചെറുകിട വ്യാപാരികൾക്ക് ലഭിക്കുന്ന ചില ഇടപാടുകൾക്കും സീറോ എംഡിആർ സംവിധാനം തുടരും.
അതേസമയം, ₹2,000ന് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് സാധാരണ 0.4 ശതമാനം എംഡിആർ ഈടാക്കാനാണ് നിർദേശം. പുതിയ നിരക്ക് ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
