Headlines

തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇടതുപാർട്ടികളുടെ മാർച്ച്; എം.എ. ബേബിയടക്കം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച്. പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥയുണ്ടായി. എം.എ. ബേബിയടക്കം മുതിർന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബി.വി. രാഘവുലു, ആർ. അരുൺകുമാർ, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എംപിമാരായ വി. ശിവദാസൻ, എ.എ. റഹീം, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന എന്നിവരെയാണ് പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഡൽഹിയിലും ഇടതുപാർട്ടികൾ മാർച്ച് സംഘടിപ്പിച്ചത്. സമാധാനപരമായി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതായും മുതിർന്ന നേതാക്കളെ കേന്ദ്രസേനയും പൊലീസും ചേർന്ന് വലിച്ചിഴച്ചതായും ഇടതുപാർട്ടികൾ ആരോപിച്ചു.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ (SIR) നടപടികളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിലുമുള്ള എതിർപ്പുകൾ ഉന്നയിച്ചാണ് വിവിധ പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഭഗത് സിങ്ങിന്റെ ജന്മദിനത്തോടനുബന്ധിച്ച് വോട്ടവകാശം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐ എം സംഘടിപ്പിച്ച പരിപാടിയിലും പ്രകടനത്തിലും ഡൽഹി പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. ഇതിനെതിരെയും സിപിഐ എം വിമർശനം ഉന്നയിച്ചു.

സിപിഐ എം, സിപിഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾക്കൊപ്പം വിവിധ പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ പ്രതിഷേധം തുടരുകയാണ്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading