
അഗർത്തല: ത്രിപുര ആദിവാസി മേഖലകളിലെ സ്വയംഭരണ ജില്ലാ കൗൺസിലായ ടിടിഎഎഡിസിയുടെ കീഴിലുള്ള വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ തിപ്രാ മോത പാർട്ടിക്ക് വൻ മുന്നേറ്റം. 4,597 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിപ്രാ മോത 3,428 സീറ്റുകൾ നേടിയപ്പോൾ സിപിഐ എം 87 സീറ്റുകളിലും ബിജെപി 859 സീറ്റുകളിലും വിജയിച്ചു. ഐപിഎഫ്ടിക്ക് 33 സീറ്റുകളും കോൺഗ്രസിന് 14 സീറ്റുകളും ലഭിച്ചു.
കടുത്ത ആക്രമണങ്ങളും ബൂത്ത് പിടിച്ചടക്കലും പണമൊഴുക്കിയുള്ള പ്രചാരണവും നേരിട്ടാണ് സിപിഐ എം സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് പാർട്ടി ആരോപിച്ചു. നിരവധി മേഖലകളിൽ സ്ഥാനാർഥികളെ നാമനിർദേശപത്രിക സമർപ്പിക്കാൻ പോലും ബിജെപി അനുകൂല ക്രിമിനൽ സംഘങ്ങൾ അനുവദിച്ചില്ലെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശനം തടഞ്ഞെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കൂടിയായ പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരി ആരോപിച്ചു.
വോട്ടെണ്ണലിൽ വ്യാപക ക്രമക്കേടുകൾ നടന്നതായും അദ്ദേഹം ആരോപിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷാ വീഴ്ചകളുണ്ടായെന്നും പല കേന്ദ്രങ്ങളിലും സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തിയെന്നും ചൗധരി പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും മതിയായ സുരക്ഷ ഉറപ്പാക്കാനായില്ലെന്നും അദ്ദേഹം ആരോപിച്ചു.
587 വില്ലേജ് കമ്മിറ്റികളിലായി 2,634 മണ്ഡലങ്ങളിലെ 4,597 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
