
ന്യൂഡൽഹി: മൂന്നര വർഷത്തിന് ശേഷം ആദ്യമായി റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് റിപ്പോ നിരക്ക് 5.50 ശതമാനമാക്കി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പണനയ പ്രഖ്യാപനം നടത്തിയത്.
നിരക്ക് വർധനയോടെ റിപ്പോ അധിഷ്ഠിത വായ്പകൾക്കും ഫ്ലോട്ടിംഗ് പലിശനിരക്കിലുള്ള വായ്പകൾക്കും പുതിയ വായ്പകൾക്കും പലിശ ഉയരാൻ സാധ്യതയുണ്ട്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് തുക വർധിച്ചേക്കും.
അതേസമയം, ഫിക്സഡ് പലിശനിരക്കിലുള്ള വായ്പകളെ നിലവിലെ വർധന നേരിട്ട് ബാധിക്കില്ല. 2025ൽ ആർബിഐ 125 ബേസിസ് പോയിന്റ് നിരക്കിളവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെ തുടർച്ചയായ നാല് പണനയ യോഗങ്ങളിലും നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല.
പണപ്പെരുപ്പ സമ്മർദ്ദം, അസംസ്കൃത വസ്തുക്കളുടെ വിലവർധന, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ഇത്തവണ നിരക്ക് ഉയർത്തിയതെന്നാണ് വിലയിരുത്തൽ.
റിപ്പോ നിരക്ക് ഉയർന്നതോടെ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കും ഉയർത്താൻ സാധ്യതയുണ്ട്. ഇത് എഫ്‌ഡി നിക്ഷേപകർക്ക് അനുകൂലമായേക്കും.
