
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യൻ വനിതാ ടീമിനെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായികയുടെ പടിയിറക്കം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായി.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം ടി20 സ്വർണം നേടിയതിന് പിന്നാലെയാണ് ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. ബിസിസിഐയുടെ അവലോകന യോഗത്തിനുശേഷമാണ് തീരുമാനം അറിയിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, പരിശീലകൻ അമോൽ മുസുംദാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
2013-ലാണ് ഹർമൻപ്രീത് ഏകദിന ടീമിന്റെ നായകസ്ഥാനത്തെത്തിയത്. 2016-ൽ ടി20 ടീമിന്റെയും ക്യാപ്റ്റൻ ചുമതല ഏറ്റെടുത്തു. 2022 മുതൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിനെ നയിച്ചുവരികയായിരുന്നു.
ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്ന് ഹർമൻപ്രീത് വ്യക്തമാക്കി. വർഷങ്ങളായുള്ള ഓർമ്മകളും വികാരങ്ങളും ത്യാഗങ്ങളും ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുന്ന അനുഭവങ്ങളാണെന്നും താരം കുറിച്ചു.
ഇന്ത്യൻ വനിതാ ക്രിക്കറ്റിനും ടീമിനുമായി തന്റെ ജീവിതത്തിലെ വിലപ്പെട്ട സമയവും അധ്വാനവും സമർപ്പിച്ചിട്ടുണ്ടെന്ന് ഹർമൻപ്രീത് പറഞ്ഞു. ടീമിന് പ്രഥമ പരിഗണന നൽകുന്നതിനായി സ്വന്തം പ്രകടനത്തിനും വ്യക്തിപരമായ ആഗ്രഹങ്ങൾക്കും വളർച്ചയ്ക്കും പലപ്പോഴും പിന്നോട്ടുനിൽക്കേണ്ടിവന്നിട്ടുണ്ടെന്നും താരം ഓർമിപ്പിച്ചു.
ഹർമൻപ്രീതിന്റെ വാക്കുകൾ:“എന്റെ രക്തവും വിയർപ്പും സമയവും ഈ ടീമിനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനുമായി ഞാൻ നൽകിയിട്ടുണ്ട്. പലപ്പോഴും സ്വന്തം കളിയുടെയും വ്യക്തിപരമായ ആഗ്രഹങ്ങളുടെയും ഒരു ഭാഗം പോലും മാറ്റിവെക്കേണ്ടിവന്നു. കാരണം, ടീമാണ് ഒന്നാമതെന്ന് ഞാൻ വിശ്വസിച്ചു.”
