Headlines

പട്ടാപ്പകൽ വയോധികനെ തള്ളിയിട്ട് കവർച്ച; ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ മോഷ്ടാവിനെ പിടികൂടി

ആലുവ: കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന വയോധികനെ തള്ളിയിട്ട് പഴ്‌സ് കവർന്നു. 2,500 രൂപയും മറ്റ് രേഖകളും അടങ്ങിയ പഴ്‌സാണ് കവർന്നത്. സംഭവത്തിന് പിന്നാലെ വയോധികനും സുഹൃത്തും മോഷ്ടാവിനെ പിന്തുടർന്ന് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ പിടികൂടി.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മരട് സ്വദേശി ആൻറണി (67) ആണ് കവർച്ചയ്ക്കിരയായത്. അങ്കമാലിയിൽ സുഹൃത്തിനൊപ്പം എത്തിയ ആൻറണി വീട്ടിലേക്ക് മടങ്ങുന്നതിനായി ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു.


ഇതിനിടെ ആസാം സ്വദേശി നാരായൺ കളദിയ വയോധികനെ തള്ളിയിട്ട് പോക്കറ്റിൽനിന്ന് പഴ്‌സ് കവരുകയായിരുന്നു. കവർച്ചയ്ക്ക് പിന്നാലെ ആൻറണിയും സുഹൃത്തും ഇയാളുടെ പിന്നാലെ ഓടി. തുടർന്ന് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

അടുത്തിടെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തും കവർച്ച നടന്നിരുന്നു. ട്രെയിൻ യാത്രയ്ക്കെത്തിയ പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ മർദിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ആലുവയിലെ വിവിധ ഭാഗങ്ങളിൽ പിടിച്ചുപറി സംഭവങ്ങൾ വർധിക്കുന്നതായും അന്യസംസ്ഥാനക്കാരിൽ ചിലർ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും വിവരം ലഭിക്കുന്നുണ്ട്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading