Headlines

പാലക്കാട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; 62കാരൻ വെന്റിലേറ്ററിൽ

പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇദ്ദേഹം നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

ഒക്ടോബർ അഞ്ചിനാണ് രോഗി ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്. പിന്നീട് കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ആറിന് നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗസൂചന ലഭിച്ചു. എട്ടിന് രോഗം സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

നെഗ്ലേറിയ ഫൗലേറി, അകാന്തമീബ തുടങ്ങിയ അമീബകൾ തലച്ചോറിനെ ബാധിക്കുന്നതിലൂടെ ഉണ്ടാകുന്ന അത്യപൂർവവും അതീവ ഗുരുതരവുമായ അണുബാധയാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. മലിനമായ വെള്ളവുമായുള്ള സമ്പർക്കത്തിലൂടെ ചില വിഭാഗം അമീബകൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിനെ ബാധിക്കാം.

രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിന്റെ ഭാഗമായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധനയും നിരീക്ഷണവും തുടരുകയാണ്.

പാലക്കാട് ജില്ലയിൽ നേരത്തെയും രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പുതിയ കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ് ശക്തമാക്കി.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading