
കോയമ്പത്തൂർ: ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ തുടർച്ചയായ അധിക്ഷേപം നേരിട്ടതിൽ മനംനൊന്ത് ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്ലാസ് ടീച്ചർ അറസ്റ്റിൽ. കോയമ്പൂരിലെ എയ്ഡഡ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്ന എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവത്തിൽ ക്ലാസ് ടീച്ചർ വിജയകുമാറിനെ പീലമേട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനാധ്യാപകൻ അരുൺകുമാർ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെയും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു.
പൂജാ അവധിക്കുശേഷം സ്കൂൾ തുറന്ന ദിവസമാണ് അഖിലനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുൻപ് സ്കൂളിൽ ദളിത് വിദ്യാർഥികളുടെ സ്റ്റൈപൻഡുമായി ബന്ധപ്പെട്ട് ആരൊക്കെയാണ് ദളിത് വിദ്യാർഥികളെന്ന് ചോദിച്ച് ചില വിദ്യാർഥികളെ എഴുന്നേൽപ്പിച്ചുനിർത്തിയിരുന്നു. ഇതിനു പിന്നാലെ അഖിലൻ കടുത്ത ജാതിവിവേചനത്തിനും അധിക്ഷേപത്തിനും ഇരയായെന്നാണ് കുടുംബത്തിന്റെ പരാതി.
പിന്നീട് ബീഫ് കഴിക്കുന്നവർ ക്ലാസിൽ എഴുന്നേറ്റുനിൽക്കണമെന്ന് വിജയകുമാർ ആവശ്യപ്പെട്ടതായും ഇതിന്റെ പേരിൽ അധ്യാപകനും ചില സഹപാഠികളും അഖിലനെ വ്യാപകമായി അധിക്ഷേപിച്ചിരുന്നതായും മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അധ്യാപകനെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയ്യാറാകാതിരുന്ന പ്രധാനാധ്യാപകൻ അരുൺകുമാറിനെതിരെയും നടപടി വേണമെന്നാണ് അഖിലന്റെ കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
