
അമ്പലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ആലപ്പുഴ തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി. ഇന്നലെ വൈകിട്ടോടെ പുറക്കാട് ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ അപ്രതീക്ഷിതമായി കൂറ്റൻ തിരമാലകൾ ഉയർന്നതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിലായി. കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ അതിവേഗം കരയ്ക്കടുപ്പിച്ചാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
തോട്ടപ്പള്ളി, പുറക്കാട്, ആനന്ദേശ്വരം, പറവൂർ, ഗലീലിയ, തുമ്പോളി തുടങ്ങിയ തീരപ്രദേശങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ വള്ളങ്ങളാണ് ശക്തമായ തിരമാലകളിൽപ്പെട്ടത്. കടൽ പെട്ടെന്ന് പ്രക്ഷുബ്ധമാകുകയും കൂറ്റൻ തിരമാലകൾ ഉയരുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളികൾ ഉടൻ വള്ളങ്ങൾ കരയ്ക്കടുപ്പിക്കുകയായിരുന്നു.
കള്ളക്കടൽ പ്രതിഭാസം സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് നിലനിന്നിരുന്നിട്ടും ചിലർ മത്സ്യബന്ധനത്തിനായി കടലിൽ പോയതായാണ് വിവരം.
അതേസമയം, മുന്നറിയിപ്പുണ്ടായിരുന്നിട്ടും തോട്ടപ്പള്ളി തീരദേശ പൊലീസ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആരോപിച്ചു. തീരദേശ മേഖലയെക്കുറിച്ച് മതിയായ പരിചയമില്ലാത്ത ചില ഉദ്യോഗസ്ഥർ ചുമതലയേറ്റതോടെ കടലിൽ പോകുന്ന തൊഴിലാളികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്നും സംഘടനകൾ പരാതിപ്പെട്ടു.
