
ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരവും അധിക്ഷേപകരവുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് നടപടി. പരാതി നൽകി രണ്ടുമാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.
കെ സി വേണുഗോപാലിനെ മോശമായി ചിത്രീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജോൺസൺ എബ്രഹാം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സൈബർ ആക്രമണം നടത്തിയതായി ചൂണ്ടിക്കാട്ടിയ അഞ്ച് സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം കൈമാറിയിരുന്നു.
എന്നാൽ പരാതി നൽകിയിട്ടും നടപടി വൈകിയതിനെ തുടർന്ന് ജോൺസൺ എബ്രഹാം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വീണ്ടും പരാതി നൽകി. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം സൈബർ വിഭാഗം ഐജിക്ക് അന്വേഷണ ചുമതല നൽകുകയും തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുക്കുകയുമായിരുന്നു.
കെ സി വേണുഗോപാലിനെതിരായ സമൂഹമാധ്യമ അധിക്ഷേപ പോസ്റ്റുകളിൽ നടപടി വൈകിയതും ഇതിനിടെ ചർച്ചയായി. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും പേരുകൾ ചർച്ചയായിരുന്ന ഘട്ടത്തിലാണ് വേണുഗോപാലിനെതിരെ സതീശൻ അനുകൂലികൾ സമൂഹമാധ്യമങ്ങളിൽ വിവിധ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നതെന്നാണ് പരാതിക്കാരന്റെ ആരോപണം.
അതേസമയം, വി ഡി സതീശനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിമർശനങ്ങളും മറ്റ് ഉള്ളടക്കങ്ങളും മെറ്റ മുഖേന നീക്കം ചെയ്യിക്കുന്നതിലും അവ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിലും വേഗതയുണ്ടെന്ന താരതമ്യവും ഉയരുന്നുണ്ട്. വേണുഗോപാലിനെതിരായ പോസ്റ്റുകളിൽ നടപടി വൈകിയതിനെ ചൊല്ലിയാണ് ഈ വിമർശനം.
