
തിരുവനന്തപുരം: സംസ്ഥാനത്തെ 109 ഗ്രാമപഞ്ചായത്തുകളെക്കൂടി തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസഡ്) വ്യവസ്ഥകളിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ശിപാർശ സമർപ്പിച്ച് സംസ്ഥാന സർക്കാർ. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു.
66 ഗ്രാമപഞ്ചായത്തുകളെ സി.ആർ.ഇസഡ് നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര മന്ത്രാലയം നേരത്തേ അനുമതി നൽകിയിട്ടുണ്ട്. എ.കെ.എം. അഷ്റഫിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
2019ലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാൻ പ്രകാരം കേരളത്തിലെ പത്ത് തീരദേശ ജില്ലകളിലും സി.ആർ.ഇസഡ് വ്യവസ്ഥകൾ ബാധകമാണ്.
2011ലെ ജനസംഖ്യാ സാന്ദ്രത അടിസ്ഥാനമാക്കിയാണ് പ്രദേശങ്ങളെ സി.ആർ.ഇസഡ് മൂന്ന് എ, മൂന്ന് ബി വിഭാഗങ്ങളായി തിരിച്ചത്. ചതുരശ്ര കിലോമീറ്ററിൽ 2,161 പേരോ അതിലധികമോ ജനസംഖ്യയുള്ള പ്രദേശങ്ങൾ മൂന്ന് എ വിഭാഗത്തിലും ഇതിൽ താഴെയുള്ളവ മൂന്ന് ബി വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.
മുൻകൂർ അനുമതിയില്ലാതെ നിർമിച്ച വീടുകൾ ഉൾപ്പെടെയുള്ള ഗാർഹിക നിർമാണങ്ങൾ വ്യവസ്ഥകൾക്ക് വിധേയമായി ക്രമവത്കരിക്കാനും ചട്ടത്തിൽ വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ച നടപടികൾ കേരള തീരദേശ പരിപാലന അതോറിറ്റി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
