Headlines

അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ ചികിത്സാപ്പിഴവില്ലെന്ന് മന്ത്രി; ആരോഗ്യവകുപ്പിനെതിരെ വിമർശനം ശക്തം

തിരുവനന്തപുരം: അട്ടപ്പാടിയിൽ നാലുമാസത്തിനിടെ 10 ശിശുക്കൾ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരായ വിമർശനം ശക്തമാകുന്നതിനിടെ, മരണങ്ങൾ ചികിത്സാപ്പിഴവുമൂലമല്ലെന്ന് മന്ത്രി കെ. മുരളീധരൻ. ജനിക്കുമ്പോൾതന്നെ കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതാണ് മരണങ്ങൾക്ക് കാരണമായതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഒരാഴ്ചയ്ക്കിടെ നാല് നവജാത ശിശുക്കൾ മരിച്ച സംഭവത്തിലും ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ ചർച്ചയാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

പ്രതിസന്ധി വിലയിരുത്താനും അടിയന്തര പരിഹാരങ്ങൾ കണ്ടെത്താനും വിദഗ്ധ ഡോക്ടർമാരടങ്ങുന്ന പ്രത്യേക സംഘം അട്ടപ്പാടിയിൽ ക്യാമ്പ് ചെയ്യും. വരുംദിവസങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സമ്പൂർണ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച അട്ടപ്പാടി നേരിട്ട് സന്ദർശിച്ച് ഡോക്ടർമാരുമായി ചർച്ച നടത്തിയശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്ത ദിവസങ്ങളിൽ ജില്ലയിൽ മന്ത്രിമാരുണ്ടായിട്ടും അട്ടപ്പാടി സന്ദർശിക്കാൻ തയ്യാറാകാത്തത് നേരത്തേ വിമർശനത്തിനിടയാക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് 31ന് ആരോഗ്യമന്ത്രി അട്ടപ്പാടിയിലെത്തുമെന്ന് അറിയിച്ചത്.

ആരോഗ്യവകുപ്പിലെ കൂട്ടസ്ഥലംമാറ്റം പ്രതിസന്ധി രൂക്ഷമാക്കിയിട്ടും ഒഴിവുകളിലേക്ക് പകരം നിയമനം നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ അനാസ്ഥയാണ് തുടർച്ചയായ ശിശുമരണങ്ങൾക്ക് കാരണമെന്ന വിമർശനവും ശക്തമാണ്.

2021 നവംബറിൽ അട്ടപ്പാടിയിൽ നാല് കുട്ടികൾ മരിച്ചപ്പോഴുണ്ടായ ഇടപെടലുകളുമായി താരതമ്യം ചെയ്തും ഇപ്പോഴത്തെ നടപടികൾക്കെതിരെ വിമർശനമുയരുന്നു. അന്ന് എൽഡിഎഫ് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും മന്ത്രി കെ. രാധാകൃഷ്ണൻ ഉടൻ അവലോകനയോഗം വിളിക്കുകയും നിയമസഭാ സമിതി അട്ടപ്പാടി സന്ദർശിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ അടിയന്തര ഇടപെടലിലൂടെ ശിശുമരണങ്ങൾ തടയാനും ആരോഗ്യസംരക്ഷണ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കാനും സർക്കാർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply