
കോഴിക്കോട്: രാമനാട്ടുകര തോട്ടുങ്ങൽ പള്ളിക്ക് സമീപം പ്രവർത്തനം ആരംഭിക്കാത്ത ആശുപത്രി കെട്ടിടത്തിന്റെ വളപ്പിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്തെ ഒരു വീട്ടിലെത്തിയ യാത്രക്കാർക്ക് പരിസരത്തുനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് ഉറവിടം തേടി നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു.
വിവരമറിഞ്ഞ് ഫറോക്ക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
