
തൃശ്ശൂർ: കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാകാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസിനെതിരെ പിതാവ് നൗഷാദ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ ശിശു സംരക്ഷണ ഓഫീസറോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മകനെ കള്ളക്കേസിൽ കുടുക്കുകയും ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ ആരോപണം. അനുജനെ പൊലീസ് ഉപദ്രവിക്കുന്നത് സഹിക്കാനാകാതെ ജ്യേഷ്ഠൻ കുറ്റം ഏറ്റുപറഞ്ഞെന്നും പിതാവ് സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു.
മൂന്നു ദിവസത്തോളം കസ്റ്റഡിയിൽ വെച്ച ശേഷമാണ് പ്രായപൂർത്തിയായ മകനെ കോടതിയിലും പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലും ഹാജരാക്കിയതെന്നും പിതാവ് പറയുന്നു. ഒബ്സർവേഷൻ ഹോമിൽനിന്ന് പുറത്തിറങ്ങിയ കുട്ടി ജയിലിലായിരുന്ന ജ്യേഷ്ഠനെ സന്ദർശിച്ച് മടങ്ങിയ ശേഷമാണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. പിതാവ് ഉന്നയിച്ച ആരോപണങ്ങളിൽ ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
