
മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നതിനിടെ ഒരാൾ മരിച്ചു. പെവുന്തറ സ്വദേശി അബ്ദുൾ സത്താറാണ് മരിച്ചത്. രോഗബാധയെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വണ്ടൂർ, കാളികാവ് ആരോഗ്യ ബ്ലോക്ക് പരിധികളിലായി ഇതുവരെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം കണക്കിലെടുത്ത് പ്രദേശത്ത് ആരോഗ്യവകുപ്പ് പരിശോധനയും നിരീക്ഷണവും ശക്തമാക്കി.
സെപ്റ്റംബറിൽ വണ്ടൂരിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 11 പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് കൂടുതൽ ആളുകളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. രോഗവ്യാപനത്തിന്റെ ഉറവിടമെന്ന് സംശയിക്കുന്ന ഹോട്ടൽ അധികൃതർ അടപ്പിച്ചു.
രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും കൂൾബാറുകളിലും ആരോഗ്യവകുപ്പ് പരിശോധന തുടരുകയാണ്. നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.
