Headlines

സ്വതന്ത്ര സമ്മർദസംഘമായി സിജെപി തുടരും; ഇന്ത്യ സഖ്യവുമായി പോരാട്ടം ഒരേ ലക്ഷ്യത്തിന്: അഭിജീത് ദീപ്കെ

ന്യൂഡൽഹി: സിജെപി സ്വതന്ത്ര സമ്മർദസംഘമായി തുടരുമെന്നും അതുകൊണ്ട് ഇന്ത്യ സഖ്യത്തിന് എതിരായ നിലപാടാണ് സംഘടനയ്ക്കുള്ളതെന്ന് അർഥമില്ലെന്നും അഭിജീത് ദീപ്കെ. ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണവും തിരഞ്ഞെടുപ്പ് സംവിധാനത്തിലെ സുതാര്യതയും ലക്ഷ്യമിട്ട് സിജെപിയും ഇന്ത്യ സഖ്യവും നടത്തുന്ന പോരാട്ടം ഒരേ ദിശയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ (എസ്ഐആർ) നടപടി പിൻവലിക്കൽ എന്നീ ആവശ്യങ്ങളുയർത്തി ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ദീപ്കെയുടെ വിശദീകരണം. ഒരേ ആവശ്യങ്ങൾക്കായി രംഗത്തിറങ്ങുമ്പോഴും സിജെപിയും കോൺഗ്രസ് ഉൾപ്പെടുന്ന ഇന്ത്യ സഖ്യവും വ്യത്യസ്തമായാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. എന്നാൽ, ഈ സമരങ്ങൾ പരസ്പരവിരുദ്ധമല്ലെന്നും പൊതുലക്ഷ്യത്തിൽ ഇരുകൂട്ടരും യോജിച്ചുനിൽക്കുകയാണെന്നുമാണ് സിജെപിയുടെ നിലപാട്.

സിജെപിയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ നിലവിൽ പദ്ധതിയില്ലെന്നും ജനകീയ വിഷയങ്ങളിൽ സ്വതന്ത്ര സമ്മർദസംഘമായി പ്രവർത്തിക്കുമെന്നും ദീപ്കെ നേരത്തേ വ്യക്തമാക്കിയിരുന്നു. ആഗസ്തിൽ മഹാരാഷ്ട്രയിൽ നടന്ന സംഘടനാ യോഗത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. വിദ്യാഭ്യാസം, തൊഴിൽ, തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യത തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുന്നതിനൊപ്പം സമാന ആവശ്യങ്ങളുന്നയിക്കുന്ന മറ്റു സംഘടനകളുടെ പ്രക്ഷോഭങ്ങൾക്കും പിന്തുണ നൽകാനാണ് സിജെപിയുടെ തീരുമാനം.സിജെപി നേതാക്കൾക്ക് അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി.

അതിനിടെ, ജന്തർമന്തറിൽ ദേശീയ പതാകയേന്തി പ്രതിഷേധിച്ച സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് നടപടി. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധസ്ഥലത്തേക്ക് പ്രവേശിച്ചതും നിരോധന ഉത്തരവുകൾ ലംഘിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒക്ടോബർ പത്തിന് ഡൽഹിയിൽ പ്രതിഷേധത്തിനെത്തിയ അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു.

നേതാക്കളെ റിമാൻഡ് ചെയ്ത നടപടിക്കെതിരെ ദീപ്കെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ജന്തർമന്തറിൽ ദേശീയ പതാക ഉയർത്തിയതാണ് നേതാക്കൾ ചെയ്ത കുറ്റമെങ്കിൽ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വെല്ലുവിളിച്ചു.

ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെയും സിജെപി പ്രതിഷേധം തുടരുകയാണ്. രാംലീല മൈതാനം ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളാണ് ഡൽഹി പൊലീസ് പുതിയ പ്രതിഷേധവേദികളായി നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading