Headlines

കെഎപി ക്യാമ്പിൽ അച്ചടക്കലംഘനം; എസ്‌ഐ ഉൾപ്പെടെ എട്ട് പൊലീസുകാർക്കെതിരെ നടപടി

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ ക്യാമ്പിലെ ക്വാർട്ടേഴ്‌സിൽ പിറന്നാൾ ആഘോഷത്തിനിടെ മദ്യവിരുന്നും കൈയാങ്കളിയും. സംഭവത്തിൽ എസ്‌ഐ, എഎസ്‌ഐ ഉൾപ്പെടെ എട്ട് പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ക്യാമ്പിലെ ഹവിൽദാർ പി.പി. അനുഗ്രഹിന്റെ മകന്റെ പിറന്നാൾ ആഘോഷത്തിനിടെയാണ് അച്ചടക്കലംഘനവും സംഘർഷവുമുണ്ടായത്.

മാങ്ങാട്ടുപറമ്പ് പൊലീസ് ക്യാമ്പിലെ ക്വാർട്ടേഴ്‌സിൽ അഞ്ചാം തീയതി രാത്രിയായിരുന്നു ആഘോഷം. വലിയ തോതിൽ മദ്യം എത്തിച്ച് നടത്തിയ സൽക്കാരം അതിരുവിട്ടതോടെ പങ്കെടുത്തവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സംഘർഷം ശ്രദ്ധയിൽപ്പെട്ട സമീപ ക്വാർട്ടേഴ്‌സുകളിലെ താമസക്കാർ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്.

സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നോട്ടീസ് നൽകി നടപടി ഒതുക്കാനുള്ള നീക്കമുണ്ടെന്ന ആരോപണവും പ്രതിഷേധവും ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടപടിയിൽ ഇളവ് നേടാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. എന്നാൽ, സേനയുടെ അച്ചടക്കം ലംഘിച്ച് ക്യാമ്പിനുള്ളിൽ മദ്യലഹരിയിൽ മോശമായി പെരുമാറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

വനിതാ എസ്‌ഐ ഇ.പി. അഞ്ജനയുടെ ഭർത്താവ് എം.എസ്. ശരത്ത്, നാലാം ബറ്റാലിയനിലെ എഎസ്‌ഐ കെ. രതീഷ്, ഹവിൽദാർമാരായ എം. രതീഷ്, എൻ.എസ്. സുബീഷ്, കെ. ബിജിൽ, എ.വി. ശേഖരൻ, അഗസ്റ്റിൻ പി. ആന്റണി എന്നിവരും സംഭവത്തിൽ ഉൾപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആരോപണവിധേയരായവർക്കെതിരെ തുടർനടപടികൾ എന്താകുമെന്നതിലാണ് ശ്രദ്ധ.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading