
തൃപ്രയാർ: ദേശീയപാത 66ലെ നിർമാണം പൂർത്തിയാകുന്നതിനു മുമ്പുള്ള ടോൾ പിരിവിനെതിരെ നാട്ടിക ടോൾ പ്ലാസിനു മുന്നിൽ എൽഡിഎഫിന്റെ പ്രതിഷേധം ശക്തം. പൊലീസ് അടിച്ചമർത്തലിനെ അതിജീവിച്ച് സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ, പ്രതിഷേധത്തിന്റെ ഭാഗമായി ബുധനാഴ്ച എൽഡിഎഫ് നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചിട്ടും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായാണ് സമരം തുടരുന്നത്.
സിപിഐ എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി. സന്ദീപ്, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, എ.എസ്. ദിനകരൻ, ടി.കെ.എം. കിഷോർ കുമാർ, കെ.എ. വിശ്വംഭരൻ, ടി.എസ്. മധുസൂദനൻ, യു.കെ. ഗോപാലൻ, കെ.ആർ. സീത തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്.
മൂന്നുതവണ നിർത്തിവച്ചിരുന്ന ടോൾ പിരിവ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12നാണ് വീണ്ടും ആരംഭിച്ചത്. ടോൾ പിരിവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം നടക്കുന്നതിനിടെയായിരുന്നു നടപടി. ഇതിൽ പ്രതിഷേധിച്ച് ടോൾ പിരിവ് നിർത്തിവയ്ക്കുന്നതുവരെ ടോൾ പ്ലാസിലേക്ക് മാർച്ച് നടത്താൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് നടപടികൾക്കിടയിലും പ്രതിഷേധം ശക്തമാക്കി സമരം തുടരുന്നത്.
