
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെ പരിഹാസവുമായി ഹൈക്കോടതി. സംഘടനയിലെ പരാതികൾ മാത്രം പരിഗണിക്കാൻ പ്രത്യേക കോടതി തന്നെ വേണ്ടിവരുമല്ലോയെന്നായിരുന്നു കോടതിയുടെ പരാമർശം. സാധാരണക്കാരുടെ നിരവധി പ്രശ്‌നങ്ങൾ പരിഗണിക്കാനുള്ളതിനിടെ ഇത്തരം വിഷയങ്ങൾക്കായി സമയം ചെലവഴിക്കേണ്ടിവരുന്നതിനെക്കുറിച്ചും കോടതി ചോദിച്ചു.
നടി അൻസിബ തനിക്കെതിരെ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഹർജിയിൽ സർക്കാരിന് നോട്ടീസ് അയച്ച കോടതി, കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ പാലാരിവട്ടം പൊലീസ് ലക്ഷ്മിപ്രിയക്കെതിരെ രജിസ്റ്റർ ചെയ്ത കേസാണ് ഹർജിക്ക് ആധാരം. അൻസിബ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തെന്നായിരുന്നു അൻസിബയുടെ പരാതി. പരാതിയിൽ പൊലീസ് കേസെടുക്കാതിരുന്നതിനെ തുടർന്ന് അൻസിബ ആദ്യം മജിസ്‌ട്രേറ്റ് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചു.
തുടർന്ന് പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിർദേശം നൽകുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ലക്ഷ്മിപ്രിയക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് അൻസിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്‌നങ്ങളും പരാതികളും പുറത്തുവന്നത്.
