Headlines

കിടക്കയില്ലെന്ന് പറഞ്ഞ് അപസ്മാര രോഗിയെ തിരിച്ചയച്ചു; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വിവാദം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപസ്മാര രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ വിവാദം. ഉഴമലയ്ക്കൽ സ്വദേശി സുനിലിനെയാണ് കിടക്കയില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചതെന്ന് കുടുംബം ആരോപിച്ചു.

തറയിൽ കിടത്തി ചികിത്സിച്ചാലും മതിയെന്ന് കുടുംബം അറിയിച്ചിട്ടും അധികൃതർ രോഗിയെ അഡ്മിറ്റ് ചെയ്തില്ലെന്നാണ് പരാതി. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ഞായറാഴ്ച രാത്രിയാണ് സുനിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. വീടിനടുത്തുള്ള ആശുപത്രിയിൽ തുടർചികിത്സ തേടണമെന്ന നിർദേശത്തോടെയായിരുന്നു ഡിസ്ചാർജ്.

തുടർന്ന് തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് കിടക്കയില്ലെന്ന കാരണത്താൽ ചികിത്സ നൽകാതെ മടക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് ഇടപെട്ട് സുനിലിന് ചികിത്സാ സൗകര്യം ഒരുക്കുകയായിരുന്നു.

അതേസമയം, സംഭവത്തെ രാഷ്ട്രീയവത്കരിച്ച് സംസ്ഥാനത്തെ ആരോഗ്യ മേഖലയെതിരെ യുഡിഎഫ് ഭരണകാലത്ത് ഗുരുതര ആരോപണങ്ങളാണ് ഉയരുന്നതെന്ന വിമർശനവും ഉയർന്നു. കഴിഞ്ഞ ദിവസം എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകാനിരിക്കെ കുഴഞ്ഞുവീണ് മരിച്ച സംഭവവും ചൂണ്ടിക്കാട്ടിയാണ് വിമർശനം.

മട്ടാഞ്ചേരി പുതുശേരിപ്പറമ്പിൽ ഹലീൽ റഹ്മാൻ (40) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഹലീൽ റഹ്മാന്റെ മരണത്തിൽ ചികിത്സാപ്പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ പരാതി. തോപ്പുംപടി ഫിഷിങ് ഹാർബറിലെ ജീവനക്കാരനായിരുന്നു ഹലീൽ റഹ്മാൻ.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading