
നവംബർ 1 മുതൽ 7 വരെ പ്രത്യേക ഓഫർ; മയിൽപ്പൊടി ഉൽപ്പന്നങ്ങൾക്ക് 7% വിലക്കുറവ്, പായസമിക്സിന് 10% ഇളവ്
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക വിലക്കുറവുകളുമായി സപ്ലൈകോ. കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നിന് 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 70 രൂപയുടെ ഇളവ് ലഭിക്കും. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന മുതിർന്ന പൗരന്മാർക്ക് ശബരി വെളിച്ചെണ്ണ ഒരു ലിറ്റർ 229 രൂപയ്ക്ക് ലഭ്യമാക്കും.
കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായാണ് നവംബർ ഒന്ന് മുതൽ ഏഴ് വരെ പ്രത്യേക ഓഫർ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നവംബർ ഒന്ന് മുതൽ ഏഴ് വരെ സപ്ലൈകോയുടെ നിലവിലെ വിൽപ്പനവിലയിൽനിന്ന് ഏഴ് ശതമാനം ഇളവ് ലഭിക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാണ്.
കേരളപ്പിറവിയുടെ മധുരം വീടുകളിലെത്തിക്കാൻ ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് നവംബർ ഒന്ന് മുതൽ 30 വരെ പത്ത് ശതമാനം വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമെയാണ് ഈ ആനുകൂല്യവും ലഭിക്കുക. എല്ലാ ഉപഭോക്താക്കൾക്കും ഓഫറിന്റെ പ്രയോജനം ലഭിക്കും.
