Headlines

ജോധ്പൂരിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം; 14 അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്ക്, 7 പേരുടെ നില ഗുരുതരം

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്ക്. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

ഗണേഷ് നഗർ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഫാക്ടറി പൂട്ടിയ നിലയിലായിരുന്നെങ്കിലും പരിസരത്ത് സൂക്ഷിച്ചിരുന്ന രാസവസ്തുക്കളുടെ ബാരലുകൾക്ക് തീപിടിച്ചതോടെ തുടർച്ചയായി സ്ഫോടനങ്ങളുണ്ടായി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിനിടെയാണ് അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്കേറ്റത്.

തീപിടിത്ത വിവരം ലഭിച്ചതിന് പിന്നാലെ വിവിധ ഫയർ സ്റ്റേഷനുകളിൽനിന്നായി പത്ത് ഫയർ എൻജിനുകൾ സ്ഥലത്തെത്തി. രാസവസ്തുക്കളും തിന്നറും ഉൾപ്പെടെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വലിയ തോതിൽ സൂക്ഷിച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി.

പരിക്കേറ്റവരെ ആദ്യം ജോധ്പൂർ എയിംസിൽ പ്രവേശിപ്പിച്ചു. എന്നാൽ പ്രത്യേക ബേൺ യൂണിറ്റിന്റെ സൗകര്യം ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഫാക്ടറിക്ക് സമീപത്തെ വീടുകളിൽ താമസിച്ചിരുന്നവരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. തീ പടർന്നതിനെ തുടർന്ന് സമീപത്തെ ഏതാനും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീ പൂർണമായി നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്.

Leave a Reply

Discover more from TENSTAR NEWS

Subscribe now to keep reading and get access to the full archive.

Continue reading